1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരോടു പറയേണ്ടതെന്തെന്നാൽ: പുരോഹിതൻ തന്റെ ജനത്തിൽ ഒരുവന്റെ ശവത്താൽ തന്നെത്താൻ മലിനമാക്കരുതു.
2 എന്നാൽ തന്റെ അമ്മ, അപ്പൻ, മകൻ, മകൾ, സഹോദരൻ,
3 തനിക്കടുത്തവളും ഭർത്താവില്ലാത്ത കന്യകയുമായ സഹോദരി എന്നിങ്ങിനെയുള്ള ഉററ ചാർച്ചക്കാരാൽ അവന്നു മലിനനാകാം.
4 അവൻ തന്റെ ജനത്തിൽ പ്രമാണിയായിരിക്കയാൽ തന്നെത്താൻ മലിനമാക്കി അശുദ്ധനാക്കരുതു.
5 അവർ തലമുടി വടിക്കയും താടിയുടെ അറ്റം കത്രിക്കയും ശരീരത്തിൽ മുറിവുണ്ടാക്കുകയും അരുതു;
6 തങ്ങളുടെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കാതെ തങ്ങളുടെ ദൈവത്തിന്നു വിശുദ്ധന്മാരായിരിക്കേണം; അവർ തങ്ങളുടെ ദൈവത്തിന്റെ ഭോജനമായ യഹോവയുടെ ദഹനയാഗങ്ങൾ അർപ്പിക്കുന്നു; ആകയാൽ അവർ വിശുദ്ധന്മാരായിരിക്കേണം.
7 വേശ്യയെയോ ദുർന്നടപ്പുകാരത്തിയെയോ അവർ വിവാഹം കഴിക്കരുതു; ഭർത്താവു ഉപേക്ഷിച്ചുകളഞ്ഞവളെയും വിവാഹം കഴിക്കരുതു; അവൻ തന്റെ ദൈവത്തിന്നു വിശുദ്ധൻ ആകുന്നു.
8 അതുകൊണ്ടു നീ അവനെ ശുദ്ധീകരിക്കേണം; അവൻ നിന്റെ ദൈവത്തിന്നു ഭോജനം അർപ്പിക്കുന്നവനാകയാൽ നീ അവനെ ശുദ്ധീകരിക്കേണം; അവൻ നിനക്കു വിശുദ്ധനായിരിക്കേണം; നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവയായ ഞാൻ വിശുദ്ധൻ ആകുന്നു.
9 പുരോഹിതന്റെ മകൾ ദുർന്നടപ്പു ചെയ്തു തന്നെത്താൻ അശുദ്ധയാക്കിയാൽ അവൾ തന്റെ അപ്പനെ അശുദ്ധനാക്കുന്നു; അവളെ തീയിൽ ഇട്ടു ചുട്ടുകളയേണം.
10 അഭിഷേകതൈലം തലയിൽ ഒഴിക്കപ്പെട്ടവനും വസ്ത്രം ധരിപ്പാൻ പ്രതിഷ്ഠിക്കപ്പെട്ടവനുമായി തന്റെ സഹോദരന്മാരിൽ മഹാപുരോഹിതനായവൻ തന്റെ തലമുടി പിച്ചിപ്പറിക്കയും വസ്ത്രം കീറുകയും അരുതു.
11 അവൻ യാതൊരു ശവത്തോടും അടുക്കുകയും തന്റെ അപ്പനാലോ അമ്മയാലോ അശുദ്ധനാകയും അരുതു.
12 വിശുദ്ധമന്ദിരം വിട്ടു അവൻ പുറത്തിറങ്ങുകയും തന്റെ ദൈവത്തിന്റെ വിശുദ്ധമന്ദിരം അശുദ്ധമാക്കുകയും അരുതു; അവന്റെ ദൈവത്തിന്റെ അഭിഷേകതൈലമായ സംസ്കാരം അവന്റെ മേൽ ഇരിക്കുന്നു; ഞാൻ യഹോവ ആകുന്നു.
13 കന്യകയായ സ്ത്രീയെ മാത്രമേ അവൻ വിവാഹം കഴിക്കാവു.
14 വിധവ, ഉപേക്ഷിക്കപ്പെട്ടവൾ, ദുർന്നടപ്പുകാരത്തി, വേശ്യ ഇങ്ങനെയുള്ളവരെ അവൻ വിവാഹം കഴിക്കരുതു; സ്വജനത്തിലുള്ള കന്യകയെ മാത്രമേ വിവാഹം കഴിക്കാവു.
15 അവൻ തന്റെ സന്തതിയെ തന്റെ ജനത്തിന്റെ ഇടയിൽ അശുദ്ധമാക്കരുതു; ഞാൻ അവനെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
16 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: നീ അഹരോനോടു പറയേണ്ടതു എന്തെന്നാൽ:
17 നിന്റെ സന്തതിയിൽ അംഗഹീനനായവൻ നിന്റെ ദൈവത്തിന്റെ ഭോജനം അർപ്പിപ്പാൻ ഒരിക്കലും അടുത്തു വരരുതു.
21 പുരോഹിതനായ അഹരോന്റെ സന്തതിയിൽ അംഗഹീനനായ ഒരുത്തനും യഹോവയുടെ ദഹനയാഗങ്ങൾ അർപ്പിപ്പാൻ അടുത്തുവരരുതു; അവൻ അംഗഹീനൻ; അവൻ തന്റെ ദൈവത്തിന്റെ ഭോജനം അർപ്പിപ്പാൻ അടുത്തുവരരുതു.
22 തന്റെ ദൈവത്തിന്റെ ഭോജനമായ അതിപരിശുദ്ധമായവയും വിശുദ്ധമായവയും അവന്നു ഭക്ഷിക്കാം.
23 എങ്കിലും തിരശ്ശീലയുടെ അടുക്കൽ ചെല്ലുകയും യാഗപീഠത്തിങ്കൽ അടുത്തുവരികയും അരുതു; അവൻ അംഗഹീനനല്ലോ; അവൻ എന്റെ വിശുദ്ധസാധനങ്ങളെ അശുദ്ധമാക്കരുതു; ഞാൻ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
24 മോശെ ഇതു അഹരോനോടും പുത്രന്മാരോടും എല്ലായിസ്രായേൽമക്കളോടും പറഞ്ഞു.