1 ഏഹൂദ് മരിച്ചശേഷം യിസ്രായേൽമക്കൾ വീണ്ടും യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.
2 യഹോവ അവരെ ഹാസോരിൽവാണ കനാന്യരാജാവായ യാബീന്നു വിറ്റുകളഞ്ഞു; അവന്റെ സേനാപതി ജാതികളുടെ ഹരോശെത്തിൽ പാർത്തിരുന്ന സീസെരാ ആയിരുന്നു.
3 അവന്നു തൊള്ളായിരം ഇരിമ്പുരഥം ഉണ്ടായിരുന്നു. അവൻ യിസ്രായേൽമക്കളെ ഇരുപതു സംവത്സരം കഠിനമായി ഞെരുക്കിയതുകൊണ്ടു യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചു.
4 ആ കാലത്തു ലപ്പീദോത്തിന്റെ ഭാര്യയായ ദെബോരാ എന്ന പ്രവാചകി യിസ്രായേലിൽ ന്യായപാലനം ചെയ്തു.
5 അവൾ എഫ്രയീംപർവ്വതത്തിൽ രാമെക്കും ബേഥേലിന്നും മദ്ധ്യേയുള്ള ദെബോരയുടെ ഈന്തപ്പനയുടെ കീഴിൽ പാർത്തിരുന്നു; യിസ്രായേൽമക്കൾ ന്യായവിസ്താരത്തിന്നു അവളുടെ അടുക്കൽ ചെല്ലുക പതിവായിരുന്നു.
6 അവൾ അബീനോവാമിന്റെ മകനായ ബാരാക്കിനെ കേദെശ്--നഫ്താലിയിൽനിന്നു വിളിപ്പിച്ചു അവനോടു: നീ പുറപ്പെട്ടു താബോർപർവ്വതത്തിൽ ചെന്നു നഫ്താലിയുടെയും സെബൂലൂന്റെയും മക്കളിൽ പതിനായിരം പേരെ കൂട്ടിക്കൊൾക;
7 ഞാൻ യാബീന്റെ സേനാപതി സീസെരയെയും അവന്റെ രഥങ്ങളെയും സൈന്യത്തെയും കീശോൻ തോട്ടിന്നരികെ നിന്റെ അടുക്കൽ കൊണ്ടുവന്നു നിന്റെ കയ്യിൽ ഏല്പിക്കുമെന്നു യിസ്രായേലിന്റെ ദൈവമായ യഹോവ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു.
8 ബാരാക്ക് അവളോടു: നീ എന്നോടുകൂടെ വരുന്നെങ്കിൽ ഞാൻ പോകാം; നീ വരുന്നില്ല എങ്കിൽ ഞാൻ പോകയില്ല എന്നു പറഞ്ഞു.
9 അതിന്നു അവൾ: ഞാൻ നിന്നോടുകൂടെ പോരാം; എന്നാൽ നീ പോകുന്ന യാത്രയാൽ ഉണ്ടാകുന്ന ബഹുമാനം നിനക്കു വരികയില്ല; യഹോവ സീസെരയെ ഒരു സ്ത്രീയുടെ കയ്യിൽ ഏല്പിച്ചുകൊടുക്കും എന്നു പറഞ്ഞു. അങ്ങനെ ദെബോരാ എഴുന്നേറ്റു ബാരാക്കിനോടുകൂടെ കേദേശിലേക്കു പോയി.
12 അബീനോവാബിന്റെ മകനായ ബാരാക്ക് താബോർപർവ്വതത്തിൽ കയറിയിരിക്കുന്നു എന്നു സീസെരെക്കു അറിവുകിട്ടി.
13 സീസെരാ തന്റെ തൊള്ളായിരം ഇരിമ്പുരഥവുമായി തന്റെ എല്ലാ പടജ്ജനത്തെയും ജാതികളുടെ ഹരോശെത്തിൽനിന്നു കീശോൻ തോട്ടിന്നരികെ വിളിച്ചുകൂട്ടി.
14 അപ്പോൾ ദെബോരാ ബാരാക്കിനോടു: പുറപ്പെട്ടുചെല്ലുക; യഹോവ ഇന്നു സീസെരയെ നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; യഹോവ നിനക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ ബാരാക്കും അവന്റെ പിന്നാലെ പതിനായിരംപേരും താബോർപർവ്വതത്തിൽ നിന്നു ഇറങ്ങിച്ചെന്നു,
15 യഹോവ സീസെരയെയും അവന്റെ സകലരഥങ്ങളെയും സൈന്യത്തെയും ബാരാക്കിന്റെ മുമ്പിൽ വാളിന്റെ വായ്ത്തലയാൽ തോല്പിച്ചു; സീസെരാ രഥത്തിൽനിന്നു ഇറങ്ങി കാൽനടയായി ഓടിപ്പോയി.
17 എന്നാൽ സീസെരാ കാൽനടയായി കേന്യനായ ഹേബെരിന്റെ ഭാര്യ യായേലിന്റെ കൂടാരത്തിലേക്കു ഓടിപ്പോയി; കേന്യനായ ഹേബെരിന്റെ ഗൃഹവും ഹാസോർ രാജാവായ യാബീനും തമ്മിൽ സമാധാനം ആയിരുന്നു.
18 യായേൽ സീസെരയെ എതിരേറ്റുചെന്നു അവനോടു: ഇങ്ങോട്ടു കയറിക്കൊൾക, യജമാനനേ, ഇങ്ങോട്ടു കയറിക്കൊൾക; ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. അവൻ അവളുടെ അടുക്കൽ കൂടാരത്തിൽ കയറിച്ചെന്നു; അവൾ അവനെ ഒരു പരവതാനികൊണ്ടു മൂടി.
19 അവൻ അവളോടു: എനിക്കു ദാഹിക്കുന്നു; കുടിപ്പാൻ കുറെ വെള്ളം തരേണമേ എന്നു പറഞ്ഞു; അവൾ പാൽതുരുത്തി തുറന്നു അവന്നു കുടിപ്പാൻ കൊടുത്തു; പിന്നെയും അവനെ മൂടി.
20 അവൻ അവളോടു: നീ കൂടാരവാതിൽക്കൽ നിൽക്ക; വല്ലവനും വന്നു ഇവിടെ ആരെങ്കിലും ഉണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്നു പറയേണം എന്നു പറഞ്ഞു.
21 എന്നാൽ ഹേബെരിന്റെ ഭാര്യ യായേൽ കൂടാരത്തിന്റെ ഒരു കുറ്റി എടുത്തു കയ്യിൽ ചുറ്റികയും പിടിച്ചു പതുക്കെ അവന്റെ അടുക്കൽ ചെന്നു കുറ്റി അവന്റെ ചെന്നിയിൽ തറെച്ചു; അതു നിലത്തുചെന്നു ഉറെച്ചു; അവന്നു ഗാഢനിദ്ര ആയിരുന്നു; അവൻ ബോധംകെട്ടു മരിച്ചുപോയി.
22 ബാരാക്ക് സീസെരയെ തിരഞ്ഞു ചെല്ലുമ്പോൾ യായേൽ അവനെ എതിരേറ്റു അവനോടു: വരിക, നീ അന്വേഷിക്കുന്ന ആളെ ഞാൻ കാണിച്ചുതരാം എന്നു പറഞ്ഞു. അവൻ അവളുടെ അടുക്കൽ ചെന്നപ്പോൾ സീസെരാ ചെന്നിയിൽ കുറ്റിയുമായി മരിച്ചുകിടക്കുന്നതു കണ്ടു.
23 ഇങ്ങനെ ദൈവം അന്നു കനാന്യരാജാവായ യാബീനെ യിസ്രായേൽമക്കൾക്കു കീഴടക്കി.
24 യിസ്രായേൽമക്കൾ കനാന്യരാജാവായ യാബീനെ നിർമ്മൂലമാക്കുംവരെ അവരുടെ കൈ കനാന്യരാജാവായ യാബീന്നു മേല്ക്കുമേൽ ഭാരമായിത്തീർന്നു.