1 അനന്തരം സാത്താൻ യിസ്രായേലിന്നു വിരോധമായി എഴുന്നേറ്റു യിസ്രായേലിനെ എണ്ണുവാൻ ദാവീദിന്നു തോന്നിച്ചു.
2 ദാവീദ് യോവാബിനോടും ജനത്തിന്റെ പ്രഭുക്കന്മാരോടും: നിങ്ങൾ ചെന്നു ബേർ-ശേബമുതൽ ദാൻവരെ യിസ്രായേലിനെ എണ്ണി അവരുടെ സംഖ്യ ഞാൻ അറിയേണ്ടതിന്നു കൊണ്ടുവരുവിൻ എന്നു പറഞ്ഞു.
3 അതിന്നു യോവാബ്: യഹോവ തന്റെ ജനത്തെ ഉള്ളതിൽ നൂറിരട്ടിയായി വർദ്ധിപ്പിക്കട്ടെ; എങ്കിലും എന്റെ യജമാനനായ രാജാവേ, അവർ ഒക്കെയും യജമാനന്റെ ദാസന്മാരല്ലയോ? യജമാനൻ ഈ കാര്യം അന്വേഷിക്കുന്നതു എന്തു? യിസ്രായേലിന്നു കുറ്റത്തിന്റെ കാരണമായി തീരുന്നതു എന്തിന്നു എന്നു പറഞ്ഞു.
4 എന്നാൽ യോവാബ് രാജാവിന്റെ കല്പന അനുസരിക്കേണ്ടിവന്നു. അതുകൊണ്ടു യോവാബ് പുറപ്പെട്ടു എല്ലായിസ്രായേലിലുംകൂടി സഞ്ചരിച്ചു യെരൂശലേമിലേക്കു മടങ്ങിവന്നു.
5 യോവാബ് ജനത്തെ എണ്ണിയ സംഖ്യ ദാവീദിന്നു കൊടുത്തു: യിസ്രായേലിൽ ആയുധപാണികൾ എല്ലാംകൂടി പതിനൊന്നുലക്ഷംപേർ. യെഹൂദയിൽ ആയുധപാണികൾ നാലുലക്ഷത്തെഴുപതിനായിരം പേർ.
6 എന്നാൽ രാജാവിന്റെ കല്പന യോവാബിന്നു വെറുപ്പായിരുന്നതുകൊണ്ടു അവൻ ലേവിയെയും ബെന്യാമീനെയും അവരുടെ കൂട്ടത്തിൽ എണ്ണിയില്ല.
7 ദൈവത്തിന്നു ഈ കാര്യം അനിഷ്ടമായിരുന്നതുകൊണ്ടു അവൻ യിസ്രായേലിനെ ബാധിച്ചു.
8 അപ്പോൾ ദാവീദ് ദൈവത്തോടു: ഈ കാര്യം ചെയ്തതിനാൽ ഞാൻ മഹാപാപം ചെയ്തിരിക്കുന്നു: എന്നാൽ അടിയന്റെ അകൃത്യം ക്ഷമിക്കേണമേ: ഞാൻ വലിയ ഭോഷത്വം ചെയ്തുപോയി എന്നു പറഞ്ഞു.
9 യഹോവ ദാവീദിന്റെ ദർശകനായ ഗാദിനോടു അരുളിച്ചെയ്തതെന്തെന്നാൽ:
10 നീ ചെന്നു ദാവീദിനോടു: ഞാൻ മൂന്നു കാര്യം നിന്റെ മുമ്പിൽ വെക്കുന്നു; അവയിൽ ഒന്നു തിരഞ്ഞെടുത്തുകൊൾക; അതു ഞാൻ നിന്നോടു ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറക.
11 അങ്ങനെ ഗാദ് ദാവീദിന്റെ അടുക്കൽ ചെന്നു അവനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
12 മൂന്നു സംവത്സരത്തെ ക്ഷാമമോ, നിന്റെ ശത്രുക്കളുടെ വാൾ നിന്നെ തുടർന്നെത്തി നീ മൂന്നു മാസം നിന്റെ ശത്രുക്കളാൽ നശിക്കയോ, ദേശത്തു മൂന്നു ദിവസം യഹോവയുടെ വാളായ മാഹാമാരി ഉണ്ടായി യിസ്രായേൽദേശത്തൊക്കെയും യഹോവയുടെ ദൂതൻ സംഹാരം ചെയ്കയോ ഇവയിൽ ഒന്നു തിരഞ്ഞെടുത്തുകൊൾക. എന്നെ അയച്ചവനോടു ഞാൻ എന്തൊരു മറുപടി പറയേണ്ടു എന്നു ആലോചിച്ചുനോക്കുക എന്നു പറഞ്ഞു.
13 ദാവീദ് ഗാദിനോടു: ഞാൻ വലിയ വിഷമത്തിലായിരിക്കുന്നു; ഞാൻ ഇപ്പോൾ യഹോവയുടെ കയ്യിൽ തന്നേ വീഴട്ടെ; അവന്റെ കരുണ ഏറ്റവും വലിയതല്ലോ; മനുഷ്യന്റെ കയ്യിൽ ഞാൻ വീഴരുതേ എന്നു പറഞ്ഞു.
14 അങ്ങനെ യഹോവ ഇസ്രായേലിൽ മഹാമാരി അയച്ചു; യിസ്രായേലിൽ എഴുപതിനായിരംപേർ വീണുപോയി.
15 ദൈവം യെരൂശലേമിനെ നശിപ്പിക്കേണ്ടതിന്നു ഒരു ദൂതനെ അവിടെ അയച്ചു; അവൻ നശിപ്പിപ്പാൻ ഭാവിക്കുമ്പോൾ യഹോവ കണ്ടു ആ അനർത്ഥത്തെക്കുറിച്ചു അനുതപിച്ചു നാശകദൂതനോടു: മതി, നിന്റെ കൈ പിൻവലിക്ക എന്നു കല്പിച്ചു, യഹോവയുടെ ദൂതൻ യെബൂസ്യനായ ഒർന്നാന്റെ കളത്തിന്നരികെ നില്ക്കയായിരുന്നു.
16 ദാവീദ് തല പൊക്കി, യഹോവയുടെ ദൂതൻ വാൾ ഊരി യെരൂശലേമിന്നു മീതെ നീട്ടിപ്പിടിച്ചുംകൊണ്ടും ഭൂമിക്കും ആകാശത്തിന്നും മദ്ധ്യേ നില്ക്കുന്നതു കണ്ടു ദാവീദും മൂപ്പന്മാരും രട്ടുടുത്തു സാഷ്ടാംഗം വീണു.
17 ദാവീദ് ദൈവത്തോടു: ജനത്തെ എണ്ണുവാൻ പറഞ്ഞവൻ ഞാനല്ലയോ? ദോഷം ചെയ്ത പാപി ഞാൻ ആകുന്നു; ഈ ആടുകൾ എന്തു ചെയ്തിരിക്കുന്നു? യഹോവേ, എന്റെ ദൈവമേ, നിന്റെ കൈ ബാധക്കായിട്ടു നിന്റെ ജനത്തിന്മേൽ അല്ല, എന്റെമേലും എന്റെ പിതൃഭവനത്തിന്മേലും ഇരിക്കട്ടെ എന്നു പറഞ്ഞു.
18 അപ്പോൾ യഹോവയുടെ ദൂതൻ ഗാദിനോടു ദാവീദ് ചെന്നു യെബൂസ്യനായ ഒർന്നാന്റെ കളത്തിൽ യഹോവെക്കു ഒരു യാഗപീഠം പണിയേണമെന്നു ദാവീദിനോടു പറവാൻ കല്പിച്ചു.
19 യഹോവയുടെ നാമത്തിൽ ഗാദ് പറഞ്ഞ വചനപ്രകാരം ദാവീദ് ചെന്നു.
20 ഒർന്നാൻ തിരിഞ്ഞു ദൂതനെ കണ്ടു തന്റെ നാലു പുത്രന്മാരുമായി ഒളിച്ചു. ഒർന്നാൻ കോതമ്പു മെതിച്ചു കൊണ്ടിരിക്കയായിരുന്നു.
21 ദാവീദ് ഒർന്നാന്റെ അടുക്കൽ വന്നപ്പോൾ ഒർന്നാൻ നോക്കി ദാവീദിനെ കണ്ടു കളത്തിൽനിന്നു പുറത്തുചെന്നു ദാവീദിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു.
22 ദാവീദ് ഒർന്നാനോടു: ഈ കളത്തിന്റെ സ്ഥലത്തു ഞാൻ യഹോവെക്കു ഒരു യാഗപീഠം പണിയേണ്ടതിന്നു അതു എനിക്കു തരേണം; ബാധ ജനത്തെ വിട്ടുമാറേണ്ടതിന്നു നീ അതു മുഴുവിലെക്കു എനിക്കു തരേണം എന്നു പറഞ്ഞു.
23 അതിന്നു ഒർന്നാൻ ദാവീദിനോടു: അതു എടുത്തുകൊൾക; യജമാനനായ രാജാവിന്റെ പ്രസാദംപോലെ ചെയ്തുകൊണ്ടാലും; ഇതാ ഞാൻ ഹോമയാഗത്തിന്നു കാളകളെയും വിറകിന്നു മെതിവണ്ടികളെയും ഭോജനയാഗത്തിന്നു കോതമ്പിനെയും തരുന്നു; എല്ലാം ഞാൻ തരുന്നു എന്നു പറഞ്ഞു.
24 ദാവീദ് രാജാവു ഒർന്നാനോടു: അങ്ങനെ അല്ല; ഞാൻ മുഴുവിലെക്കേ അതു വാങ്ങുകയുള്ളു; നിനക്കുള്ളതു ഞാൻ യഹോവെക്കായിട്ടു എടുക്കയില്ല; ചെലവുകൂടാതെ ഹോമയാഗം കഴിക്കയും ഇല്ല എന്നു പറഞ്ഞു.
25 അങ്ങനെ ദാവീദ് ആ സ്ഥലത്തിന്നു അറുനൂറു ശേക്കെൽ പൊന്നു ഒർന്നാന്നു കൊടുത്തു.
26 ദാവീദ് അവിടെ യഹോവെക്കു ഒരു യാഗപീഠം പണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു യഹോവയോടു പ്രാർത്ഥിച്ചു; അവൻ ആകാശത്തിൽനിന്നു ഹോമപീഠത്തിന്മേൽ തീ ഇറക്കി അവന്നു ഉത്തരം അരുളി.
27 യഹോവ ദൂതനോടു കല്പിച്ചു; അവൻ തന്റെ വാൾ വീണ്ടും ഉറയിൽ ഇട്ടു.
28 ആ കാലത്തു യെബൂസ്യനായ ഒർന്നാന്റെ കളത്തിൽവെച്ചു യഹോവ തന്റെ പ്രാർത്ഥനെക്കു ഉത്തരമരുളി എന്നു ദാവീദ് കണ്ടിട്ടു അവിടെ യാഗം കഴിച്ചു.
29 മോശെ മരുഭൂമിയിൽവെച്ചു ഉണ്ടാക്കിയിരുന്ന യഹോവയുടെ തിരുനിവാസവും ഹോമപീഠവും അന്നു ഗിബെയോനിലെ പൂജാഗിരിയിൽ ആയിരുന്നു.
30 യഹോവയുടെ ദൂതന്റെ വാളിനെ പേടിച്ചതുകൊണ്ടു ദൈവത്തോടു അരുളപ്പാടു ചോദിക്കേണ്ടതിന്നു അവിടെ ചെല്ലുവാൻ ദാവീദിന്നു കഴിഞ്ഞില്ല.