1 ക്രിസ്തു ജഡത്തിൽ കഷ്ടമനുഭവിച്ചതുകൊണ്ടു നിങ്ങളും ആ ഭാവം തന്നേ ആയുധമായി ധരിപ്പിൻ.
2 ജഡത്തിൽ കഷ്ടമനുഭവിച്ചവൻ ജഡത്തിൽ ശേഷിച്ചിരിക്കുംകാലം ഇനി മനുഷ്യരുടെ മോഹങ്ങൾക്കല്ല, ദൈവത്തിന്റെ ഇഷ്ടത്തിന്നത്രേ ജീവിക്കേണ്ടതിന്നു പാപം വിട്ടൊഴിഞ്ഞിരിക്കുന്നു.
3 കാമാർത്തികളിലും മോഹങ്ങളിലും വീഞ്ഞുകുടിയിലും വെറിക്കൂത്തുകളിലും മദ്യപാനത്തിലും ധർമ്മവിരുദ്ധമായ വിഗ്രഹാരാധനയിലും നടന്നു ജാതികളുടെ ഇഷ്ടം പ്രവർത്തിച്ചുകൊണ്ടു കാലം പോക്കിയതു മതി.
4 ദുർന്നടപ്പിന്റെ അതേ കവിച്ചലിൽ നിങ്ങൾ അവരോടു ചേർന്നു നടക്കാതിരിക്കുന്നതു അപൂർവ്വം എന്നുവെച്ചു അവർ ദുഷിക്കുന്നു.
5 ജീവികളെയും മരിച്ചവരെയും ന്യായം വിധിപ്പാൻ ഒരുങ്ങിയിരിക്കുന്നവന്നു അവർ കണക്കു ബോധിപ്പിക്കേണ്ടിവരും.
6 ഇതിന്നായിട്ടല്ലോ മരിച്ചവരോടും സുവിശേഷം അറിയിച്ചതു. അവർ ജഡസംബന്ധമായി മനുഷ്യരെപ്പോലെ വിധിക്കപ്പെടുകയും ആത്മാവുസംബന്ധമായി ദൈവത്തിന്നൊത്തവണ്ണം ജീവിക്കയും ചെയ്യേണ്ടതിന്നു തന്നേ.
7 എന്നാൽ എല്ലാറ്റിന്റെയും അവസാനം സമീപിച്ചിരിക്കുന്നു; ആകയാൽ പ്രാർത്ഥനെക്കു സുബോധമുള്ളവരും നിർമ്മദരുമായിരിപ്പിൻ.
8 സകലത്തിന്നും മുമ്പെ തമ്മിൽ ഉറ്റസ്നേഹം ഉള്ളവരായിരിപ്പിൻ. സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറെക്കുന്നു.
9 പിറുപിറുപ്പു കൂടാതെ തമ്മിൽ അതിഥിസൽക്കാരം ആചരിപ്പിൻ.
10 ഓരോരുത്തന്നു വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ടു അന്യോന്യം ശുശ്രൂഷിപ്പിൻ.
11 ഒരുത്തൻ പ്രസംഗിക്കുന്നു എങ്കിൽ ദൈവത്തിന്റെ അരുളപ്പാടു പ്രസ്താവിക്കുന്നു എന്നപോലെയും ഒരുത്തൻ ശുശ്രൂഷിക്കുന്നു എങ്കിൽ ദൈവം നല്കുന്ന പ്രാപ്തിക്കു ഒത്തവണ്ണവും ആകട്ടെ. എല്ലാറ്റിലും ദൈവം യേശുക്രിസ്തുമൂലം മഹത്വപ്പെടുവാൻ ഇടവരട്ടെ. മഹത്വവും ബലവും എന്നെന്നേക്കും അവന്നുള്ളതു. ആമേൻ.
12 പ്രിയമുള്ളവരേ, നിങ്ങൾക്കു പരീക്ഷക്കായി സംഭവിച്ചിരിക്കുന്ന അഗ്നിശോധനയിങ്കൽ ഒരു അപൂർവ്വകാര്യം നിങ്ങൾക്കു വന്നുകൂടി എന്നു വച്ചു അതിശയിച്ചുപോകരുതു.
13 ക്രിസ്തുവിന്റെ കഷ്ടങ്ങൾക്കു പങ്കുള്ളവരാകുന്തോറും സന്തോഷിച്ചുകൊൾവിൻ. അങ്ങനെ നിങ്ങൾ അവന്റെ തേജസ്സിന്റെ പ്രത്യക്ഷതയിൽ ഉല്ലസിച്ചാനന്ദിപ്പാൻ ഇടവരും.
14 ക്രിസ്തുവിന്റെ നാമം ഹേതുവായി നിന്ദ സഹിക്കേണ്ടിവന്നാൽ നിങ്ങൾ ഭാഗ്യവാന്മാർ; മഹത്വത്തിന്റെ ആത്മാവായ ദൈവാത്മാവു നിങ്ങളുടെമേൽ ആവസിക്കുന്നുവല്ലോ.