2 ശമൂവേൽ 3

1 ശൌലിന്റെ ഗൃഹവും ദാവീദിന്റെ ഗൃഹവും തമ്മിൽ ദീർഘകാലം യുദ്ധം നടന്നു; എന്നാൽ ദാവീദിന്നു ബലം കൂടിക്കൂടിയും ശൌലിന്റെ ഗൃഹം ക്ഷയിച്ചു ക്ഷയിച്ചും വന്നു.
2 ദാവീദിന്നു ഹെബ്രോനിൽവെച്ചു പുത്രന്മാർ ജനിച്ചു; യിസ്രെയേല്ക്കാരത്തിയായ അഹീനോവം പ്രസവിച്ച അമ്നോൻ അവന്റെ ആദ്യജാതൻ.
3 കർമ്മേല്യൻനാബാലിന്റെ ഭാര്യയായിരുന്ന അബീഗയിൽ പ്രസവിച്ച കിലെയാബ് രണ്ടാമത്തവൻ; ഗെശൂർരാജാവായ തൽമയിയുടെ മകൾ മയഖയുടെ മകനായ അബ്ശാലോം മൂന്നാമത്തവൻ;
4 ഹഗ്ഗീത്തിന്റെ മകനായ അദോനീയാവു നാലാമത്തവൻ; അബീതാലിന്റെ മകനായ ശെഫത്യാവു അഞ്ചാമത്തവൻ;
5 ദാവീദിന്റെ ഭാര്യയായ എഗ്ലാ പ്രസവിച്ച യിത്രെയാം ആറാമത്തവൻ. ഇവരാകുന്നു ഹെബ്രോനിൽവെച്ചു ദാവീദിന്നു ജനിച്ചവർ.
6 ശൌലിന്റെ ഗൃഹവും ദാവീദിന്റെ ഗൃഹവും തമ്മിൽ യുദ്ധം ഉണ്ടായിരുന്ന കാലത്തു അബ്നേർ ശൌലിന്റെ ഗൃഹത്തിൽ തന്നെത്താൻ ബലപ്പെടുത്തിയിരുന്നു.
7 എന്നാൽ ശൌലിന്നു അയ്യാവിന്റെ മകളായി രിസ്പാ എന്നു പേരുള്ള ഒരു വെപ്പാട്ടി ഉണ്ടായിരുന്നു; ഈശ്-ബോശെത്ത് അബ്നേരിനോടു: നീ എന്റെ അപ്പന്റെ വെപ്പാട്ടിയുടെ അടുക്കൽ ചെന്നതു എന്തു എന്നു ചോദിച്ചു.
8 അബ്നേർ ഈശ്-ബോശെത്തിന്റെ വാക്കുനിമിത്തം ഏറ്റവും കോപിച്ചു പറഞ്ഞതു: ഞാൻ യെഹൂദാ പക്ഷത്തിലുള്ള ഒരു നായ്ത്തലയോ? ഇന്നു ഞാൻ നിന്റെ അപ്പനായ ശൌലിന്റെ ഗൃഹത്തോടും അവന്റെ സഹോദരന്മാരോടും സ്നേഹിതന്മാരോടും ദയ കാണിക്കയും നിന്നെ ദാവീദിന്റെ കയ്യിൽ ഏല്പിക്കാതിരിക്കയും ചെയ്തിരിക്കെ ഇന്നു ഈ സ്ത്രീ നിമിത്തം നീ എന്നെ കുറ്റം ചുമത്തുന്നുവോ?
9 ശൌലിന്റെ ഗൃഹത്തിൽനിന്നു രാജത്വം മാറ്റുകയും ദാവീദിന്റെ സിംഹാസനം ദാൻമുതൽ ബേർ-ശേബവരെ യിസ്രായേലിലും യെഹൂദയിലും സ്ഥാപിക്കയും ചെയ്‌വാൻ തക്കവണ്ണം
10 യഹോവ ദാവീദിനോടു സത്യം ചെയ്തതുപോലെ ഞാൻ അവന്നു സാധിപ്പിച്ചുകൊടുക്കാതിരുന്നാൽ ദൈവം അബ്നേരിനോടു തക്കവണ്ണവും അധികവും ചെയ്യട്ടെ.
11 അവൻ അബ്നേരിനെ ഭയപ്പെടുകകൊണ്ടു അവനോടു പിന്നെ ഒരു വാക്കും പറവാൻ കഴിഞ്ഞില്ല.
12 അനന്തരം അബ്നേർ ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ദേശം ആർക്കുള്ളതു? എന്നോടു ഉടമ്പടി ചെയ്ക; എന്നാൽ എല്ലായിസ്രായേലിനെയും നിന്റെ പക്ഷത്തിൽ വരുത്തേണ്ടതിന്നു എന്റെ സഹായം നിനക്കു ഉണ്ടാകും എന്നു പറയിച്ചു.
13 അതിന്നു അവൻ: നല്ലതു; ഉടമ്പടി ചെയ്യാം; എന്നാൽ ഞാൻ ഒരു കാര്യം നിന്നോടു ആവശ്യപ്പെടുന്നു: നീ എന്നെ കാണ്മാൻ വരുമ്പോൾ ആദ്യം തന്നേ ശൌലിന്റെ മകളായ മീഖളിനെ കൂട്ടിക്കൊണ്ടു വരാതിരുന്നാൽ നീ എന്റെ മുഖം കാൺകയില്ല എന്നു പറഞ്ഞു.
14 ദാവീദ് ശൌലിന്റെ മകനായ ഈശ്-ബോശെത്തിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ഞാൻ വിവാഹനിശ്ചയത്തിന്നു ഫെലിസ്ത്യരുടെ നൂറു അഗ്രചർമ്മം കൊടുത്തു വാങ്ങിയ എന്റെ ഭാര്യയായ മീഖളിനെ ഏല്പിച്ചുതരിക എന്നു പറയിച്ചു.
15 ഈശ്-ബോശെത്ത് അവളെ ലയീശിന്റെ മകനായി അവളുടെ ഭർത്താവായ ഫല്തിയേലിന്റെ അടുക്കൽനിന്നു വരുത്തി.
16 അവളുടെ ഭർത്താവു കരഞ്ഞുംകൊണ്ടു ബഹൂരീംവരെ അവളുടെ പിന്നാലെ വന്നു. അബ്നേർ അവനോടു: നീ മടങ്ങിപ്പോക എന്നു പറഞ്ഞു.
17 അവൻ മടങ്ങിപ്പോയി. എന്നാൽ അബ്നേർ യിസ്രായേൽമൂപ്പന്മാരോടു സംസാരിച്ചു: ദാവീദിനെ രാജാവായി കിട്ടുവാൻ കുറെ കാലമായല്ലോ നിങ്ങൾ അന്വേഷിക്കുന്നതു.
18 ഇപ്പോൾ അങ്ങനെ ചെയ്‌വിൻ; ഞാൻ എന്റെ ദാസനായ ദാവീദിന്റെ കൈകൊണ്ടു എന്റെ ജനമായ യിസ്രായേലിനെ ഫെലിസ്ത്യർ മുതലായ സകലശത്രുക്കളുടെ കയ്യിൽനിന്നും രക്ഷിക്കുമെന്നു യഹോവ ദാവീദിനെക്കുറിച്ചു അരുളിച്ചെയ്തിരിക്കുന്നുവല്ലൊ എന്നു പറഞ്ഞു.
19 അങ്ങനെ തന്നേ അബ്നേർ ബെന്യാമീന്യരോടും പറഞ്ഞു; പിന്നെ അബ്നേർ യിസ്രായേലിന്നും ബെന്യാമീൻ ഗൃഹത്തിന്നൊക്കെയും സമ്മതമായതെല്ലാം ദാവീദിനോടു അറിയിക്കേണ്ടതിന്നു ഹെബ്രോനിൽ പോയി.
20 ഇങ്ങനെ അബ്നേരും അവനോടുകൂടെ ഇരുപതു പുരുഷന്മാരും ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ചെന്നു. ദാവീദ് അബ്നേരിന്നും കൂടെയുള്ളവർക്കും വേണ്ടി ഒരു വിരുന്നു കഴിച്ചു.
21 അബ്നേർ ദാവീദിനോടു: ഞാൻ ചെന്നു യിസ്രായേലൊക്കെയും യജമാനനായ രാജാവിനോടു ഉടമ്പടി ചെയ്യേണ്ടതിന്നു അവരെ നിന്റെ അടുക്കൽ കൂട്ടിവരുത്തും; അപ്പോൾ നീ ആഗ്രഹിക്കുന്നതുപോലെ എല്ലാവർക്കും രാജാവായിരിക്കാം എന്നു പറഞ്ഞു. പിന്നെ ദാവീദ് അബ്നേരിനെ യാത്ര അയച്ചു; അവൻ സമാധാനത്തോടെ പോയി.
22 അപ്പോൾ ദാവീദിന്റെ ചേവകരും യോവാബും ഒരു കവർച്ചപ്പട കഴിഞ്ഞു വളരെ കൊള്ളയുമായി മടങ്ങിവന്നു; എന്നാൽ ദാവീദ് അബ്നേരിനെ യാത്രയയക്കയും അവൻ സമാധാനത്തോടെ പോകയും ചെയ്തിരുന്നതിനാൽ അവൻ അന്നേരം ദാവീദിന്റെ അടുക്കൽ ഇല്ലായിരുന്നു.
23 യോവാബും കൂടെയുള്ള സൈന്യമൊക്കെയും വന്നപ്പോൾ: നേരിന്റെ മകനായ അബ്നേർ രാജാവിന്റെ അടുക്കൽ വന്നു, അവൻ അവനെ യാത്രയയച്ചു, അവൻ സമാധാനത്തോടെ പോയി എന്നിങ്ങനെ യോവാബിന്നു അറിവു കിട്ടി.
24 യോവാബ് രാജാവിന്റെ അടുക്കൽ ചെന്നു: എന്താകുന്നു ഈ ചെയ്തതു? അബ്നേർ നിന്റെ അടുക്കൽ വന്നിരുന്നല്ലോ; അവനെ പറഞ്ഞയച്ചതെന്തു?
25 അവൻ പോയല്ലോ? നേരിന്റെ മകനായ അബ്നേരിനെ നീ അറികയില്ലേ? നിന്നെ ചതിപ്പാനും നിന്റെ പോക്കും വരവും ഗ്രഹിപ്പാനും നീ ചെയ്യുന്നതൊക്കെയും അറിവാനുമല്ലോ അവൻ വന്നതു എന്നു പറഞ്ഞു.
26 യോവാബ് ദാവീദിന്റെ അടുക്കൽനിന്നു പുറത്തിറങ്ങി അബ്നേരിന്റെ പിന്നാലെ ദൂതന്മാരെ അയച്ചു; അവർ അവനെ സീരാകിണറ്റിങ്കൽനിന്നു മടക്കിക്കൊണ്ടുവന്നു; ദാവീദ് അതു അറിഞ്ഞില്ലതാനും.
27 അബ്നേർ ഹെബ്രോനിലേക്കു മടങ്ങി വന്നപ്പോൾ യോവാബ് സ്വകാര്യം പറവാൻ അവനെ പടിവാതില്ക്കൽ ഒരു ഭാഗത്തേക്കു കൂട്ടിക്കൊണ്ടുപോയി തന്റെ സഹോദരനായ അസാഹേലിന്റെ രക്തപ്രതികാരത്തിന്നായി അവിടെവെച്ചു അവനെ വയറ്റത്തു കുത്തികൊന്നുകളഞ്ഞു.
28 ദാവീദ് അതു കേട്ടപ്പോൾ നേരിന്റെ മകനായ അബ്നേരിന്റെ രക്തം സംബന്ധിച്ചു എനിക്കും എന്റെ രാജത്വത്തിന്നും യഹോവയുടെ മുമ്പാകെ ഒരിക്കലും കുറ്റം ഇല്ല.
29 അതു യോവാബിന്റെ തലമേലും അവന്റെ പിതൃഭവനത്തിന്മേലൊക്കെയും ഇരിക്കട്ടെ; യോവാബിന്റെ ഗൃഹത്തിൽ സ്രവക്കാരനോ കുഷ്ഠരോഗിയോ വടി കുത്തി നടക്കുന്നവനോ വാളിനാൽ വീഴുന്നവനോ ആഹാരത്തിന്നു മുട്ടുള്ളവനോ വിട്ടൊഴിയാതിരിക്കട്ടെ എന്നു പറഞ്ഞു.
30 അബ്നേർ ഗിബെയോനിലെ യുദ്ധത്തിൽ തങ്ങളുടെ അനുജനായ അസാഹേലിനെ കൊന്നതു നിമിത്തം യോവാബും അവന്റെ സഹോദരനായ അബീശായിയും ഇങ്ങനെ അവനെ കൊന്നുകളഞ്ഞു.
31 ദാവീദ് യോവാബിനോടും അവനോടുകൂടെയുള്ള സകലജനത്തോടും: നിങ്ങളുടെ വസ്ത്രം കീറി ചാക്കുശീല ഉടുത്തു അബ്നേരിന്റെ മുമ്പിൽ നടന്നു വിലപിപ്പിൻ എന്നു പറഞ്ഞു. ദാവീദ്‌രാജാവു ശവമഞ്ചത്തിന്റെ പിന്നാലെ നടന്നു.
32 അവർ അബ്നേരിനെ ഹെബ്രോനിൽ അടക്കം ചെയ്തപ്പോൾ രാജാവു അബ്നേരിന്റെ ശവക്കുഴിക്കൽ ഉറക്കെ കരഞ്ഞു; സകലജനവും കരഞ്ഞു.
33 രാജാവു അബ്നേരിനെക്കുറിച്ചു വിലാപഗീതം ചൊല്ലിയതെന്തെന്നാൽ:
34 നിന്റെ കൈ ബന്ധിച്ചിരുന്നില്ല;
35 നേരം വൈകുംമുമ്പേ ജനമെല്ലാം ദാവീദിനെ ഭക്ഷണം കഴിപ്പിക്കേണ്ടതിന്നു വന്നപ്പോൾ: സൂര്യൻ അസ്തമിക്കും മുമ്പെ ഞാൻ അപ്പം എങ്കിലും മറ്റു യാതൊന്നെങ്കിലും ആസ്വദിച്ചാൽ ദൈവം എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ എന്നു ദാവീദ് സത്യം ചെയ്തു പറഞ്ഞു.
36 ഇതു ജനമെല്ലാം അറിഞ്ഞപ്പോൾ: രാജാവു ചെയ്തതൊക്കെയും സർവ്വജനത്തിന്നും ബോധിച്ചിരുന്നതുപോലെ ഇതും അവർക്കു ബോധിച്ചു.
37 നേരിന്റെ പുത്രനായ അബ്നേരിനെ കൊന്നതു രാജാവിന്റെ അറിവോടെയല്ല എന്നു സകലജനത്തിന്നും യിസ്രായേലിന്നൊക്കെയും അന്നു ബോധ്യമായി.
38 രാജാവു തന്റെ ഭൃത്യന്മാരോടു: ഇന്നു യിസ്രായേലിൽ ഒരു പ്രഭുവും മഹാനുമായവൻ പട്ടുപോയി എന്നു നിങ്ങൾ അറിയുന്നില്ലയോ?
39 ഞാൻ രാജാഭിഷേകം പ്രാപിച്ചവൻ എങ്കിലും ഇന്നു ബലഹീനനാകുന്നു; സെരൂയയുടെ പുത്രന്മാരായ ഈ പുരുഷന്മാർ എനിക്കു ഒതുങ്ങാത്ത കഠിനന്മാരത്രേ; ദുഷ്ടത പ്രവർത്തിച്ചവന്നു അവന്റെ ദുഷ്ടതെക്കു തക്കവണ്ണം യഹോവ പകരം കൊടുക്കട്ടെ എന്നു പറഞ്ഞു.