ആവർത്തനപുസ്തകം 7

1 നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിന്നെ കടത്തുകയും നിന്നെക്കാൾ പെരുപ്പവും ബലവുമുള്ള ജാതികളായ ഹിത്യർ, ഗിർഗ്ഗശ്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നീ ഏഴു മഹാജാതികളെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളകയും
2 നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യിൽ ഏല്പിക്കയും നീ അവരെ തോല്പിക്കയും ചെയ്യുമ്പോൾ അവരെ നിർമ്മൂലമാക്കിക്കളയേണം; അവരോടു ഉടമ്പടി ചെയ്കയോ കൃപ കാണിക്കയോ അരുതു.
3 അവരുമായി വിവാഹസംബന്ധം ചെയ്യരുതു; നിന്റെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു കൊടുക്കയോ അവരുടെ പുത്രിമാരെ നിന്റെ പുത്രന്മാർക്കു എടുക്കയോ ചെയ്യരുതു.
4 അന്യദൈവങ്ങളെ സേവിപ്പാൻ തക്കവണ്ണം അവർ നിന്റെ പുത്രന്മാരെ എന്നോടു അകറ്റിക്കളയും; യഹോവയുടെ കോപം നിങ്ങൾക്കു വിരോധമായി ജ്വലിച്ചു നിങ്ങളെ വേഗത്തിൽ നശിപ്പിക്കും.
5 ആകയാൽ നിങ്ങൾ അവരോടു ഇങ്ങനെ ചെയ്യേണം; അവരുടെ ബലിപീഠങ്ങൾ ഇടിക്കേണം; അവരുടെ ബിംബങ്ങളെ തകർക്കേണം; അവരുടെ അശേരപ്രതിഷ്ഠകളെ വെട്ടിക്കളയേണം; അവരുടെ വിഗ്രഹങ്ങളെ തീയിൽ ഇട്ടു ചുട്ടുകളയേണം.
6 നിന്റെ ദൈവമായ യഹോവെക്കു നീ ഒരു വിശുദ്ധജനം ആകുന്നു; ഭൂതലത്തിലുള്ള സകലജാതികളിലുംവെച്ചു നിന്നെ തനിക്കു സ്വന്തജനമായിരിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുത്തിരിക്കുന്നു.
7 നിങ്ങൾ സംഖ്യയിൽ സകലജാതികളെക്കാളും പെരുപ്പമുള്ളവരാകകൊണ്ടല്ല യഹോവ നിങ്ങളെ പ്രിയപ്പെട്ടു തിരഞ്ഞെടുത്തതു; നിങ്ങൾ സകലജാതികളെക്കാളും കുറഞ്ഞവരല്ലോ ആയിരുന്നതു.
8 യഹോവ നിങ്ങളെ സ്നേഹിക്കുന്നതുകൊണ്ടും നിങ്ങളുടെ പിതാക്കന്മാരോടു താൻ ചെയ്ത സത്യം പാലിക്കുന്നതുകൊണ്ടും അത്രേ യഹോവ നിങ്ങളെ ബലമുള്ള കയ്യാൽ പുറപ്പെടുവിച്ചു അടിമവീടായ മിസ്രയീമിലെ രാജാവായ ഫറവോന്റെ കയ്യിൽനിന്നു വീണ്ടെടുത്തതു.
9 ആകയാൽ നിന്റെ ദൈവമായ യഹോവ തന്നേ ദൈവം; അവൻ തന്നേ സത്യദൈവം എന്നു നീ അറിയേണം: അവൻ തന്നെ സ്നേഹിച്ചു തന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറവരെ നിയമവും ദയയും പാലിക്കുന്നു.
10 തന്നെ പകെക്കുന്നവരെ നശിപ്പിപ്പാൻ അവർക്കു നേരിട്ടു പകരം കൊടുക്കുന്നു; തന്നെ പകെക്കുന്നവന്നു അവൻ താമസിയാതെ നേരിട്ടു പകരം കൊടുക്കും.
11 ആകയാൽ ഞാൻ ഇന്നു നിന്നോടു കല്പിക്കുന്ന കല്പനകളും ചട്ടങ്ങളും വിധികളും നീ പ്രമാണിച്ചു നടക്കേണം.
12 നിങ്ങൾ ഈ വിധികൾ കേട്ടു പ്രമാണിച്ചു നടന്നാൽ നിന്റെ ദൈവമായ യഹോവ നിന്റെ പിതാക്കന്മാരോടു സത്യംചെയ്ത നിയമവും ദയയും നിനക്കായിട്ടു പാലിക്കും.
13 അവൻ നിന്നെ സ്നേഹിച്ചു അനുഗ്രഹിച്ചു വർദ്ധിപ്പിക്കും; അവൻ നിനക്കു തരുമെന്നു നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തു നിന്റെ ഗർഭഫലവും നിന്റെ കൃഷിഫലവും ധാന്യവും വീഞ്ഞും എണ്ണയും നിന്റെ കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും അനുഗ്രഹിക്കും.
14 നീ സകലജാതികളെക്കാളും അനുഗ്രഹിക്കപ്പെട്ടിരിക്കും; വന്ധ്യനും വന്ധ്യയും നിങ്ങളിലാകട്ടെ നിന്റെ നാൽക്കാലികളിലാകട്ടെ ഉണ്ടാകയില്ല.
15 യഹോവ സകലരോഗവും നിങ്കൽനിന്നു അകറ്റിക്കളയും; നീ അറിഞ്ഞിരിക്കുന്ന മിസ്രയീമ്യരുടെ ദുർവ്വ്യാധികളിൽ ഒന്നും അവൻ നിന്റെമേൽ വരുത്താതെ നിന്നെ ദ്വേഷിക്കുന്ന എല്ലാവർക്കും അവയെ കൊടുക്കും.
16 നിന്റെ ദൈവമായ യഹോവ നിന്റെ കയ്യിൽ ഏല്പിക്കുന്ന സകലജാതികളെയും നീ മുടിച്ചുകളയേണം; നിനക്കു അവരോടു കനിവു തോന്നരുതു; അവരുടെ ദേവന്മാരെ നീ സേവിക്കരുതു; അതു നിനക്കു കണിയായിത്തീരും.
17 ഈ ജാതികൾ എന്നെക്കാൾ പെരുപ്പം ഉള്ളവർ; അവരെ നീക്കിക്കളവാൻ എനിക്കു എങ്ങനെ കഴിയും എന്നു നീ നിന്റെ ഹൃദയത്തിൽ പറയുമായിരിക്കും എന്നാൽ അവരെ ഭയപ്പെടരുതു;
18 നിന്റെ ദൈവമായ യഹോവ ഫറവോനോടും എല്ലാ മിസ്രയീമ്യരോടും ചെയ്തതായി
19 നിന്റെ കണ്ണാലെ കണ്ട വലിയ പരീക്ഷകളും അടയാളങ്ങളും അത്ഭുതങ്ങളും നിന്റെ ദൈവമായ യഹോവ നിന്നെ പുറപ്പെടുവിച്ച ബലമുള്ള കയ്യും നീട്ടിയ ഭുജവും നീ നല്ലവണ്ണം ഓർക്കേണം; നീ പേടിക്കുന്ന സകലജാതികളോടും നിന്റെ ദൈവമായ യഹോവ അങ്ങനെ ചെയ്യും.
20 അത്രയുമല്ല, ശേഷിച്ചിരിക്കുന്നവരും നിന്റെ മുമ്പിൽനിന്നു ഒളിച്ചുകൊള്ളുന്നവരും നശിച്ചുപോകുംവരെ നിന്റെ ദൈവമായ യഹോവ അവരുടെ ഇടയിൽ കടുന്നലിനെ അയക്കും.
21 നീ അവരെക്കണ്ടു ഭ്രമിക്കരുതു; നിന്റെ ദൈവമായ യഹോവ എന്ന വലിയവനും ഭയങ്കരനുമായ ദൈവം നിങ്ങളുടെ മദ്ധ്യേ ഉണ്ടു.
22 ആ ജാതികളെ നിന്റെ ദൈവമായ യഹോവ കുറേശ്ശ കുറേശ്ശയായി നിന്റെ മുമ്പിൽനിന്നു നീക്കിക്കളയും; കാട്ടുമൃഗങ്ങൾ പെരുകി നിനക്കു ഉപദ്രവമാകാതിരിപ്പാൻ അവരെ ക്ഷണത്തിൽ നശിപ്പിച്ചുകൂടാ.
23 നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യിൽ ഏല്പിക്കയും അവർ നശിച്ചുപോകുംവരെ അവർക്കു മഹാപരാഭവം വരുത്തുകയും ചെയ്യും. അവരുടെ രാജാക്കന്മാരെ നിന്റെ കയ്യിൽ ഏല്പിക്കും; നീ അവരുടെ പേർ ആകാശത്തിൻകീഴിൽനിന്നു ഇല്ലാതെയാക്കേണം.
24 അവരെ സംഹരിച്ചുതീരുവോളം ഒരു മനുഷ്യനും നിന്റെ മുമ്പിൽ നിൽക്കയില്ല.
25 അവരുടെ ദേവപ്രതിമകളെ തീയിൽ ഇട്ടു ചുട്ടുകളയേണം; നീ വശീകരിക്കപ്പെടാതിരിപ്പാൻ അവയിന്മേലുള്ള വെള്ളിയും പൊന്നും മോഹിച്ചു എടുത്തുകൊള്ളരുതു; അതു നിന്റെ ദൈവമായ യഹോവെക്കു അറെപ്പാകുന്നു.
26 നീയും അതുപോലെ ശാപമായ്തീരാതിരിക്കേണ്ടതിന്നു അറെപ്പായുള്ളതു നിന്റെ വീട്ടിൽ കൊണ്ടുപോകരുതു; അതു നിനക്കു തീരെ അറെപ്പും വെറുപ്പുമായിരിക്കേണം; അതു ശാപഗ്രസ്തമല്ലോ.