യെഹെസ്കേൽ 20

1 ഏഴാം ആണ്ടു അഞ്ചാം മാസം പത്താം തിയ്യതി യിസ്രായേൽമൂപ്പന്മാരിൽ ചിലർ യഹോവയോടു അരുളപ്പാടു ചോദിപ്പാൻ വന്നു എന്റെ മുമ്പിൽ ഇരുന്നു.
2 അപ്പോൾ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
3 മനുഷ്യപുത്രാ, നീ യിസ്രായേൽമൂപ്പന്മാരോടു സംസാരിച്ചു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ എന്നോടു അരുളപ്പാടു ചോദിപ്പാൻ വന്നിരിക്കുന്നുവോ? നിങ്ങൾ എന്നോടു ചോദിച്ചാൽ, എന്നാണ, ഞാൻ ഉത്തരമരുളുകയില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു എന്നു അവരോടു പറയേണം.
4 മനുഷ്യപുത്രാ, നീ അവരെ ന്യായം വിധിക്കുമോ? നീ അവരെ ന്യായം വിധിക്കുമോ? നീ അവരുടെ പിതാക്കന്മാരുടെ മ്ലേച്ഛതകളെ അവരോടു അറിയിച്ചുപറയേണ്ടതു:
5 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേലിനെ തിരഞ്ഞെടുത്തു, യാക്കോബ് ഗൃഹത്തിന്റെ സന്തതിയോടു കൈ ഉയർത്തി സത്യംചെയ്തു, മിസ്രയീംദേശത്തുവെച്ചു എന്നെത്തന്നേ അവർക്കു വെളിപ്പെടുത്തിയ നാളിൽ: ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു എന്നു കൈ ഉയർത്തിയുംകൊണ്ടു അവരോടു അരുളിച്ചെയ്തു.
6 ഞാൻ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിക്കുമെന്നും ഞാൻ അവർക്കുവേണ്ടി നോക്കിവെച്ചിരുന്നതും പാലും തേനും ഒഴുകുന്നതും സർവ്വദേശങ്ങളുടെയും മഹത്വമായിരിക്കുന്നതുമായ ദേശത്തിലേക്കു അവരെ കൊണ്ടുവരുമെന്നും ആ നാളിൽ കൈ ഉയർത്തി സത്യംചെയ്തു.
7 അവരോടു: നിങ്ങൾ ഓരോരുത്തനും താന്താന്റെ കണ്ണിന്മുമ്പിൽ ഇരിക്കുന്ന മ്ലേച്ഛവിഗ്രഹങ്ങളെ എറിഞ്ഞുകളവിൻ; മിസ്രയീമ്യ ബിംബങ്ങളെക്കൊണ്ടു നിങ്ങളെ മലിനമാക്കരുതു, ഞാനത്രേ നിങ്ങളുടെ ദൈവമായ യഹോവ എന്നു കല്പിച്ചു.
8 അവരോ എന്നോടു മത്സരിച്ചു, എന്റെ വാക്കു കേൾപ്പാൻ മനസ്സില്ലാതെ ഇരുന്നു; അവരിൽ ഒരുത്തനും തന്റെ കണ്ണിന്മുമ്പിൽ ഇരുന്ന മ്ലേച്ഛവിഗ്രഹങ്ങളെ എറിഞ്ഞുകളകയോ മിസ്രയീമ്യബിംബങ്ങളെ ഉപേക്ഷിക്കയോ ചെയ്തില്ല; ആകയാൽ ഞാൻ: മിസ്രയീംദേശത്തിന്റെ നടുവിൽവെച്ചു എന്റെ ക്രോധം അവരുടെമേൽ പകർന്നു എന്റെ കോപം അവരിൽ നിവർത്തിക്കും എന്നും അരുളിച്ചെയ്തു.
9 എങ്കിലും അവരുടെ ചുറ്റും പാർക്കയും ഞാൻ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു എന്നെത്തന്നേ വെളിപ്പെടുത്തിയതു കാണുകയും ചെയ്ത ജാതികളുടെ മുമ്പാകെ എന്റെ നാമം അശുദ്ധമാകാതെ ഇരിക്കേണ്ടതിന്നു ഞാൻ എന്റെ നാമംനിമിത്തം പ്രവർത്തിച്ചു.
10 അങ്ങനെ ഞാൻ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു മരുഭൂമിയിൽ കൊണ്ടുവന്നു.
11 ഞാൻ എന്റെ ചട്ടങ്ങളെ അവർക്കു കൊടുത്തു, എന്റെ വിധികളെ അവരെ അറിയിച്ചു; അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും.
12 ഞാൻ അവരെ വിശുദ്ധീകരിക്കുന്ന യഹോവ എന്നു അവർ അറിയേണ്ടതിന്നു എനിക്കും അവർക്കു ഇടയിൽ അടയാളമായിരിപ്പാൻ തക്കവണ്ണം എന്റെ ശബ്ബത്തുകളെയും ഞാൻ അവർക്കു കൊടുത്തു.
13 യിസ്രായേൽഗൃഹമോ മരുഭൂമിയിൽവെച്ചു എന്നോടു മത്സരിച്ചു; അവർ എന്റെ ചട്ടങ്ങളെ അനുസരിച്ചുനടക്കാതെ എന്റെ വിധികളെ ധിക്കരിച്ചു; അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും; എന്റെ ശബ്ബത്തുകളെയും അവർ ഏറ്റവും അശുദ്ധമാക്കി; ആകയാൽ ഞാൻ മരുഭൂമിയിൽവെച്ചു എന്റെ ക്രോധം അവരുടെമേൽ പകർന്നു അവരെ സംഹരിക്കുമെന്നു അരുളിച്ചെയ്തു.
14 എങ്കിലും ഞാൻ അവരെ പുറപ്പെടുവിച്ചതു കണ്ട ജാതികളുടെ മുമ്പാകെ എന്റെ നാമം അശുദ്ധമാകാതെയിരിക്കേണ്ടതിന്നു ഞാൻ അതിൻ നിമിത്തം പ്രവർത്തിച്ചു.
15 അവരുടെ ഹൃദയം അവരുടെ വിഗ്രഹങ്ങളോടു ചേർന്നിരുന്നതുകൊണ്ടു അവർ എന്റെ വിധികളെ ധിക്കരിച്ചു എന്റെ ചട്ടങ്ങളിൽ നടക്കാതെ എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുകയാൽ
16 ഞാൻ അവർക്കു കൊടുത്തിരുന്നതും പാലും തേനും ഒഴുകുന്നതും സർവ്വദേശങ്ങളുടെയും മഹത്വമായിരിക്കുന്നതും ആയ ദേശത്തേക്കു അവരെ കൊണ്ടുവരികയില്ല എന്നു ഞാൻ മരുഭൂമിയിൽവെച്ചു കൈ ഉയർത്തി സത്യം ചെയ്തു.
17 എങ്കിലും അവരെ നശിപ്പിക്കയും മരുഭൂമിയിൽവെച്ചു അവരെ മുടിച്ചുകളകയും ചെയ്യാതവണ്ണം എനിക്കു അവരോടു അയ്യോഭാവം തോന്നി.
18 ഞാൻ മരുഭൂമിയിൽവെച്ചു അവരുടെ മക്കളോടു: നിങ്ങളുടെ പിതാക്കന്മാരുടെ ചട്ടങ്ങളിൽ നടക്കരുതു; അവരുടെ വിധികളെ പ്രമാണിക്കരുതു; അവരുടെ വിഗ്രഹങ്ങളെക്കൊണ്ടു നിങ്ങളെത്തന്നേ അശുദ്ധമാക്കുകയും അരുതു;
19 ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു; നിങ്ങൾ എന്റെ ചട്ടങ്ങളെ അനുസരിച്ചു നടന്നു എന്റെ വിധികളെ പ്രമാണിച്ചു അനുഷ്ഠിപ്പിൻ;
20 എന്റെ ശബ്ബത്തുകളെ വിശുദ്ധീകരിപ്പിൻ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ എന്നു നിങ്ങൾ അറിയേണ്ടതിന്നു അവ എനിക്കും നിങ്ങൾക്കും ഇടയിൽ അടയാളമായിരിക്കട്ടെ എന്നു കല്പിച്ചു.
21 എന്നാൽ മക്കളും എന്നോടു മത്സരിച്ചു; അവർ എന്റെ ചട്ടങ്ങളെ അനുസരിച്ചില്ല; എന്റെ വിധികളെ പ്രമാണിച്ചുനടന്നതുമില്ല; അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും; അവർ എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കി; ആകയാൽ ഞാൻ: മരുഭൂമിയിൽവെച്ചു എന്റെ ക്രോധം അവരുടെമേൽ പകർന്നു എന്റെ കോപം അവരിൽ നിവർത്തിക്കും എന്നു അരുളിച്ചെയ്തു.
22 എങ്കിലും ഞാൻ എന്റെ കൈ പിൻവലിക്കയും ഞാൻ അവരെ പുറപ്പെടുവിച്ചതു കണ്ട ജാതികളുടെ മുമ്പാകെ എന്റെ നാമം അശുദ്ധമാകാതെ ഇരിക്കേണ്ടതിന്നു അതുനിമിത്തം പ്രവർത്തിക്കയും ചെയ്തു.
23 അവർ എന്റെ വിധികളെ അനുഷ്ഠിക്കാതെ എന്റെ ചട്ടങ്ങളെ ധിക്കരിച്ചു എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുകയും അവരുടെ കണ്ണു അവരുടെ പിതാക്കന്മാരുടെ വിഗ്രഹങ്ങളിലേക്കു ചെല്ലുകയും ചെയ്തതുകൊണ്ടു,
24 ഞാൻ അവരെ ജാതികളുടെ ഇടയിൽ ചിന്നിച്ചു രാജ്യങ്ങളിൽ ചിതറിച്ചുകളയുമെന്നു മരുഭൂമിയിൽവെച്ചു കൈ ഉയർത്തി അവരോടു സത്യം ചെയ്തു.
25 ഞാൻ അവർക്കു കൊള്ളരുതാത്ത ചട്ടങ്ങളെയും ജീവരക്ഷ പ്രാപിപ്പാൻ ഉതകാത്ത വിധികളെയും കൊടുത്തു.
26 ഞാൻ യഹോവ എന്നു അവർ അറിവാൻ തക്കവണ്ണം ഞാൻ അവരെ ശൂന്യമാക്കേണ്ടതിന്നു അവർ എല്ലാകടിഞ്ഞൂലുകളെയും അഗ്നിപ്രവേശം ചെയ്യിച്ചതിൽ ഞാൻ അവരെ അവരുടെ സ്വന്തവഴിപാടുകളാൽ അശുദ്ധമാക്കി.
27 അതുകൊണ്ടു മരുഷ്യപുത്രാ നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടതെന്തെന്നാൽ: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാർ എന്നോടു ദ്രോഹം ചെയ്തിരിക്കുന്നതിൽ എന്നെ ദുഷിക്കയുംകൂടെ ചെയ്തിരിക്കുന്നു.
28 അവർക്കു കൊടുക്കുമെന്നു ഞാൻ കൈ ഉയർത്തി സത്യംചെയ്ത ദേശത്തേക്കു ഞാൻ അവരെ കൊണ്ടുവന്നശേഷം അവർ: ഉയർന്ന എല്ലാകുന്നും തഴെച്ച സകലവൃക്ഷവും നോക്കി, അവിടെ ഹനനബലികളെ അർപ്പിക്കയും കോപഹേതുകമായ വഴിപാടു കഴിക്കയും സൌരഭ്യവാസന നിവേദിക്കയും പാനിയബലികളെ പകരുകയും ചെയ്തു.
29 നിങ്ങൾ പോകുന്ന പൂജാഗിരി എന്തു എന്നു ഞാൻ അവരോടു ചോദിച്ചു; ഇന്നുവരെയും അതിന്നു പൂജാഗിരി എന്നു പേർ പറഞ്ഞുവരുന്നു.
30 അതുകൊണ്ടു നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരുടെ മര്യാദപ്രകാരം നിങ്ങളെത്തന്നേ അശുദ്ധമാക്കുവാനും അവരുടെ മ്ലേച്ഛവിഗ്രഹങ്ങളോടു ചേർന്നു പരസംഗം ചെയ്‌വാനും പോകുന്നുവോ?
31 നിങ്ങളുടെ വഴിപാടുകളെ കഴിക്കുന്നതിനാലും നിങ്ങളുടെ മക്കളെ അഗ്നിപ്രവേശം ചെയ്യിക്കുന്നതിനാലും നിങ്ങൾ ഇന്നുവരെ നിങ്ങളുടെ സകലവിഗ്രഹങ്ങളെയും കൊണ്ടു നിങ്ങളെത്തന്നേ അശുദ്ധമാക്കുന്നു; യിസ്രായേൽഗൃഹമേ, നിങ്ങൾ ചോദിച്ചാൽ ഞാൻ ഉത്തരമരുളുമോ? നിങ്ങൾ ചോദിച്ചാൽ, എന്നാണ ഞാൻ ഉത്തരമരുളുകയില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
32 നാം മരത്തെയും കല്ലിനെയും സേവിച്ചു, ജാതികളെപ്പോലെയും ദേശങ്ങളിലെ വംശങ്ങളെപ്പോലെയും ആയിത്തീരുക എന്നു നിങ്ങൾ പറയുന്നതായി നിങ്ങളുടെ മനസ്സിലെ വിചാരം ഒരിക്കലും നടക്കയില്ല.
33 എന്നാണ, ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും ചൊരിയുന്ന ക്രോധംകൊണ്ടും ഞാൻ നിങ്ങളെ ഭരിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
34 ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും ചൊരിയുന്ന ക്രോധംകൊണ്ടും ഞാൻ നിങ്ങളെ ജാതികളിൽനിന്നു പുറപ്പെടുവിക്കയും നിങ്ങൾ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്നു ശേഖരിക്കയും ചെയ്യും.
35 ഞാൻ നിങ്ങളെ ജാതികളുടെ മരുഭൂമിയിലേക്കു കൊണ്ടുചെന്നു അവിടെവെച്ചു മുഖാമുഖമായി നിങ്ങളോടു വ്യവഹരിക്കും.
36 മിസ്രയീംദേശത്തിന്റെ മരുഭൂമിയിൽവെച്ചു നിങ്ങളുടെ പിതാക്കന്മാരോടു ഞാൻ വ്യവഹരിച്ചതുപോലെ നിങ്ങളോടും വ്യവഹരിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
37 ഞാൻ നിങ്ങളെ കോലിൻകീഴെ കടത്തി നിയമത്തിന്റെ ബന്ധനത്തിൽ ഉൾപ്പെടുത്തും.
38 എന്നോടു മത്സരിച്ചു അതിക്രമിക്കുന്നവരെ ഞാൻ നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളയും; അവർ ചെന്നു പാർക്കുന്ന രാജ്യത്തുനിന്നു ഞാൻ അവരെ പുറപ്പെടുവിക്കും; എങ്കിലും യിസ്രായേൽദേശത്തു അവർ കടക്കയില്ല; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
39 യിസ്രായേൽഗൃഹമേ, യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ചെന്നു ഓരോരുത്തൻ താന്താന്റെ വിഗ്രഹങ്ങളെ സേവിച്ചുകൊൾവിൻ; എന്നാൽ പിന്നെത്തേതിൽ നിങ്ങൾ എന്റെ വാക്കു കേൾക്കും; എന്റെ വിശുദ്ധനാമത്തെ നിങ്ങളുടെ വഴിപാടുകളെക്കൊണ്ടും വിഗ്രഹങ്ങളെക്കൊണ്ടും ഇനി അശുദ്ധമാക്കുകയും ഇല്ല.
40 എന്റെ വിശുദ്ധപർവ്വതത്തിൽ, യിസ്രായേലിന്റെ ഉന്നത പർവ്വതത്തിൽ തന്നേ, യിസ്രായേൽഗൃഹമൊക്കെയും ഒട്ടൊഴിയാതെ അവിടെ ദേശത്തുവെച്ചു എന്നെ സേവിക്കുമെന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; അവിടെ ഞാൻ അവരെ സ്വീകരിക്കും; അവിടെ ഞാൻ നിങ്ങളുടെ വഴിപാടുകളെയും ആദ്യദാനങ്ങളെയും സകലനിവേദ്യങ്ങളെയും ആഗ്രഹിക്കും.
41 ഞാൻ നിങ്ങളെ ജാതികളുടെ ഇടയിൽനിന്നു പുറപ്പെടുവിച്ചു, നിങ്ങൾ ചിതറിപ്പോയിരിക്കുന്നരാജ്യങ്ങളിൽ നിന്നു ശേഖരിക്കുമ്പോൾ ഞാൻ നിങ്ങളെ സൌരഭ്യവാസനയായി സ്വീകരിക്കും; അങ്ങനെ ഞാൻ ജാതികൾ കാൺകെ നിങ്ങളിൽ വിശുദ്ധീകരിക്കപ്പെടും.
42 നിങ്ങളുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു ഞാൻ കൈ ഉയർത്തി സത്യംചെയ്ത ദേശമായ യിസ്രായേൽദേശത്തേക്കു നിങ്ങളെ കൊണ്ടുവരുമ്പോൾ ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
43 അവിടെവെച്ചു നിങ്ങൾ നിങ്ങളുടെ വഴികളെയും നിങ്ങളെത്തന്നേ മലിനമാക്കിയ സകലക്രിയകളെയും ഓർക്കും; നിങ്ങൾ ചെയ്ത സകലദോഷവുംനിമിത്തം നിങ്ങൾക്കു നിങ്ങളോടുതന്നേ വെറുപ്പുതോന്നും.
44 യിസ്രായേൽഗൃഹമേ, നിങ്ങളുടെ ദോഷമായുള്ള വഴികൾക്കു തക്കവണ്ണമല്ല, നിങ്ങളുടെ വഷളായുള്ള പ്രവൃത്തികൾക്കു തക്കവണ്ണവുമല്ല, എന്റെ നാമംനിമിത്തം തന്നേ ഞാൻ നിങ്ങളോടു പ്രവർത്തിക്കുമ്പോൾ ഞാൻ യഹോവ എന്നു നിങ്ങൾ അറിയും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
45 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
46 മനുഷ്യപുത്രാ, നിന്റെ മുഖം തെക്കോട്ടു തിരിച്ചു ദക്ഷിണദേശത്തോടു പ്രസംഗിച്ചു തെക്കെദിക്കിലെ കാട്ടിനോടു പ്രവചിച്ചു തെക്കുള്ള കാട്ടിനോടു പറയേണ്ടതു:
47 യഹോവയുടെ വചനം കേൾക്ക; യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിനക്കു തീ വെക്കും; അതു നിന്നിൽ പച്ചയായുള്ള സകലവൃക്ഷത്തെയും ഉണങ്ങിയിരിക്കുന്ന സകലവൃക്ഷത്തെയും ദഹിപ്പിച്ചുകളയും; ജ്വലിക്കുന്ന ജ്വാല കെട്ടുപോകയില്ല; തെക്കുമുതൽ വടക്കുവരെയുള്ള മുഖങ്ങളൊക്കെയും അതിനാൽ കരിഞ്ഞുപോകും.
48 യഹോവയായ ഞാൻ അതു കത്തിച്ചു എന്നു സകലജഡവും കാണും; അതു കെട്ടുപോകയുമില്ല.
49 അപ്പോൾ ഞാൻ: അയ്യോ, യഹോവയായ കർത്താവേ, ഇവൻ മറപൊരുൾ അല്ലോ പറയുന്നതു എന്നു അവർ എന്നെക്കുറിച്ചു പറയുന്നു എന്നു പറഞ്ഞു.